ന്യൂഡൽഹി: നേപ്പാൾ പ്രളയദുരന്തത്തിൽ സഹായങ്ങളുമായി ഇന്ത്യയിൽനിന്നുള്ള നാലാമത്തെ വിമാനവും യാത്രതിരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് 11 ടൺ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടത്.
തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ, കമ്പിളി, സ്ലീപ്പിംഗ് ബാഗുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഫൊറൻസിക് വിദഗ്ധരും വിമാനത്തിലുണ്ട്.
ഇതിനുപുറമേ സ്റ്റീൽ പാലം നിർമിക്കാനുള്ള സാധന സാമഗ്രികളുമായി 16 ലോറികളും റോഡ് മാർഗം നേപ്പാളിലെത്തിയിട്ടുണ്ട്. ബെയ്ലി പാലം നിർമിക്കാനുള്ള സാധനസാമഗ്രികളും ഉടൻ നേപ്പാളിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇതുവരെ 675 പേർ മരിച്ചതായാണ് റിപ്പോർട്ട്. 2400-ലേറെ പേരെയാണ് ദുരന്തത്തിൽ കാണാതായത്. ദുരന്തമേഖലകളിൽ നാലാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.